Monday, March 5, 2018

പാത്രം പൂശുകാരന്റെ പ്രതികാരം

പാത്രം പൂശുകാരന്റെ പ്രതികാരം

കേട്ട കഥ യാണ് .എത്ര നേരുണ്ട് എന്നറിയില്ല ..പണ്ട് ചെമ്പു പാത്രമാണ് പാചകത്തിന് ഉപയോഗിച്ചിരുന്നത് ..അത് കുറച്ചു കഴിയുമ്പോൾ ക്ലാവ്  പിടിക്കും ,അപ്പോൾ വയ്ക്കുന്ന ഭക്ഷണത്തിനു രുചി ഭേദം ഉണ്ടാവും .ആ പത്രങ്ങളുടെ ഉള്ളിൽ ഈയം  പൂശാൻ ഒരു മാപ്പിള വരും..എന്റെ കുഞ്ഞു ജീവിതത്തിലെ വലിയ ഒരു വില്ലൻ ആയിരുന്നു കക്ഷി ..ചിരിക്കില്ല..വലിയ ദേഷ്യം പിടിച്ച മുഖഭാവം വലിയ വൈരാഗ്യ ബുദ്ധിക്കാരൻ ..കൊല്ലത്തിൽ ഒരിക്കലൊക്കെയേ വരൂ ..വന്നാൽ ഒന്ന് രണ്ടു ദിവസം തങ്ങി ഞങ്ങളുടെയും അയൽ വീട്ടിലെയും പാത്രങ്ങളൊക്കെ പൂശും ..ഭക്ഷണമൊക്കെ നമ്മൾ കൊടുക്കുന്നത് കഴിച്ചോളും ..ചിരിക്കാത്ത മനുഷ്യരെ കാണുന്നത് എനിക്ക് വലിയ അത്ഭുതമാണ് ..അയാളുടെ ഭാര്യ അയൽവാസിയുമായി  സ്നേഹത്തിൽ ആയി ..അവരെ വീട്ടിൽ  പറഞ്ഞു വിട്ടിട്ടു കക്ഷി ഇങ്ങനെ അലഞ്ഞു നടക്കുകയാണ് ..
ഇല്ല ഒരു ഉപ്പും മുളകും എന്റെ കഥയിൽ പ്രതീക്ഷിക്കേണ്ട
ദിവസം ചെല്ലുംതോറും നമ്മുടെ മാപ്പിളയ്ക്കു അയൽക്കാരനോടുള്ള പക കൂടി കൂടി വന്നു .അയൽക്കാരൻ   സ്വന്തം  ഭാര്യയോടും കുടുമ്പത്തോടും കൂടി സമാധാനമായി ജീവിക്കുന്നു.അത് കാണുംതോറും നമ്മുടെ കക്ഷിയ്ക്കു സഹിക്കുന്നില്ല
പകരം വീട്ടണം ..അതായി മാപ്പിളയുടെ ഊണിലും ഉറക്കത്തിലും ഉള്ള ചിന്ത
പുള്ളി മരിക്കാൻ  തീരുമാനിച്ചു .എന്നാൽ അതിനു മുൻപ് അയൽക്കാരനെ ഒരു പാഠം പഠിപ്പിക്കണം ..എലിവിഷം ആണ് അന്നത്തെക്കാലത്തെ ഏറ്റവും കടുത്ത വിഷം ..നമ്മുടെ സർക്കാർ ആശുപത്രീകളിലെ സംവിധാനം പോലെയാണ് .വിഷം കഴിച്ചാൽ മരിച്ചോളണം എന്നൊന്നുമില്ല .രോഗിയുടെ ആയുസിന്റെ ബലം പോലെ ഇരിക്കും..ജീവിക്കുമോ മരിക്കുമോ ..എന്ന കാര്യം..ഇയാൾ വിഷം കഴിച്ച..പിന്നെ അയൽക്കാരന്റെ വേലിക്കടുത്തേക്കു ചെന്നു .അയാളുടെ പറമ്പിൽ വേണം കിടന്നു മരിക്കാൻ..അയാൾ കൊന്നതാണ് എന്ന് നാട്ടുകാർ കരുതട്ടെ ..അയാളെ പോലീസ് പിടിക്കട്ടെ ..ഭാര്യ അറിയട്ടെ..അയാളെ ദുഷ്ടൻ എന്ന് കരുതട്ടെ ..
അങ്ങിനെ പല ദുഷ്ട ചിന്തകൾ ആയിരുന്നു മനസു നിറയെ
വേലിക്കൽ ചെന്നപ്പോൾ കണ്ട കാഴ്ച അയാൾ പ്രതീക്ഷിച്ചത് ആയിരുന്നില്ല..അയൽവാസി ഇയാൾ എന്നുംരാത്രി  നൂണ്ടു ചെന്ന് ജനാല വഴി ഉളിഞ്ഞു നോക്കുന്നത് ഒഴിവാക്കാൻ വേലിയുടെ തരം  അങ്ങ് മാറ്റി ..ഊക്കൻ കമ്പി വേലി..നല്ല ഉയരത്തിൽ ആണ് കെട്ടിയിരിക്കുന്നത് ..ഏതാണ്ട് മൂന്നാൾ ഉയരം  ..ഉള്ളിൽ വിഷവും..ഛർദിലും വയറ്റിളക്കവും ..നമ്മുടെ മാപ്പിള  അപ്പോഴേക്കും ഒരു വിധം  വശം കെട്ടിരുന്നു .ഒരു  വിധം വേലിയിൽ  വലിഞ്ഞു കയറി ..ഇറങ്ങാനും  വയ്യ..കയറാനും വയ്യ ..പല്ലിയൊക്കെ വിട്ടത്തിനിടയിൽ പറ്റിപ്പിടിച്ച പ്പോലെ വേലി യിൽ ആള് പതിഞ്ഞു പോയി..ഉള്ളിലെ മദ്യവും  വിഷവും ..എല്ലാം പോരാഞ്ഞു കോണകം വെലി യിൽ ഉടക്കുകയും  ചെയ്തു ..ആരെയെങ്കിലും വിളിക്കാൻ ഒക്കുമോ..അതുമില്ല .പുള്ളി കുടുങ്ങിപ്പോയി
വയറിളകി ..ഛർദിച്ചു .അവശനായ മാപ്പിൾജി അവിടെ കിടന്നു മയങ്ങിപ്പോയി
രാവിലെ നല്ല കാഴ്ചയാണ് കണി ,സ്വന്തം മലത്തിലും ഛര്ദിലിലും..തുണി ഉരിഞ്ഞു ..ആളങ്ങിനെ ബോധമില്ലാതെ കിടക്കുകയാണ്
.ദുഷ്ടനെ രാവിലെ നാട്ടുകാർ കൂടി എടുത്തു ആശുപത്രിയിലാക്കി എന്ന് പറഞ്ഞാൽ മതിയല്ലോ ..പിന്നെ ഈയം പൂശാൻ കക്ഷി പുറത്തു ഇറങ്ങിയിട്ടില്ല
ആള് മരിച്ചില്ല എന്ന് തന്നെയല്ല ..
നിങ്ങൾക്കറിയാമല്ലോ ..പിന്നത്തെ പുകിൽ

Friday, March 2, 2018

ജയ ചന്ദ്രൻ തക്കീജ്ജ

ജയ ചന്ദ്രൻ തക്കീജ്ജ
മൂടിക്കെട്ടിയ മനസുമായാണ് ഈ പുസ്തകം വായിക്കാൻ എടുത്തത്.വായനയുടെ ഒരു സ്റ്റേജ്  കഴിഞ്ഞാൽ ..പ്രായവും കുറച്ചായാൽ വായനയിൽ ആളുകൾ പ്രണയം ഇഷ്ടപ്പെടാൻ തുടങ്ങും എന്ന് എവിടെയോ വായിച്ചു.അത് ശരിയാണെന്നു ഈ പുസ്തകം വായിക്കാൻ എടുത്തപ്പോൾ തോന്നി .മറ്റൊരാളുടെ ദുഃഖം താങ്ങാൻ ഉള്ള ഒരു മാനസികാവസ്ഥ പണ്ടേ എനിക്കില്ല..
ജയചന്ദ്രൻ മൊകേരിയെ ജയിലിൽ അടച്ചപ്പോൾ അത് ഹൃദയ ഭേദകമായ ഒരു വാർത്ത ആയിരുന്നു.അദ്ദേഹത്തിന്റെ മാലി ബ്ലോഗുകൾ വളരെ താല്പര്യത്തോടെയാണ് വായിച്ചിരുന്നത് ..അവയുടെ രചന സൗകുമാര്യം മനസിനെ ആകർഷിക്കുകയും ചെയ്തിരുന്നു
അദ്ദേഹം ജയിലിൽ പെട്ട് എന്നും വിമോചനം അകലെയാണ് എന്നും ഉള്ള അറിവ് വല്ലാത്ത വികാരങ്ങൾ ഉണ്ടാക്കി.മുസ്ലിം രാജ്യങ്ങളിൽ ജയിൽ പലപ്പോഴും നരക കുഴികൾ ആണ്.ഏതു രാജ്യത്തിലെയും ജയിൽ സത്യത്തിൽ മരണ ക്കെണികൾ dungeons ..തന്നെയാണ് ..അവിടെ കിടന്നു മനുഷ്യൻ ദ്രവിച്ചു പോകും..സഹയാത്രികൻറെ  വിമോചനം,, എങ്ങിനെ സാധ്യമാവും..അതിൽ ഒരു സാമൂഹ്യജീവി എന്ന നിലയിൽ ചെയ്യാവുന്നതെല്ലാം അന്ന് ചെയ്തിരുന്നു ..എങ്കിൽ കൂടി അദ്ദേഹം നാട്ടിൽ എത്തിയതിനു ശേഷമേ മനസ് ആശ്വസിച്ചുള്ളൂ
മാലി  ദ്വീപിൽ അധ്യാപകൻ ആയിരിക്കെ ഒരു ആൺ കുട്ടിയായ വിദ്യാർത്ഥി  വീട്ടിൽ ചെന്ന് നൽകിയ തെറ്റായ പരാതിയിൽ ജയിലിൽ  അടക്കപ്പെട്ട ഒരു അധ്യാപകൻ ആണ് ശ്രീ ജയചന്ദ്രൻ മൊകേരി .അദ്ദേഹത്തിന്റെ മാലിയിലെ ജയിൽ ജീവിത സ്മരണകൾ ആണ് ഈ പുസ്തകം .
മാലിയിലെ സാംസ്കാരിക ..സാമൂഹ്യ ജീവിതത്തെ കുറിച്ച് നൽകുന്ന ഉൾക്കാഴ്ചകൾ ..അതിനും അപ്പുറം മാലി ജയിലിന്റെ ..ജയിൽ ജീവിതത്തിന്റെ തീക്ഷ്ണത ..തടവുകാരന്റെ നിസ്സഹായത ..ഇതെല്ലാം നമ്മെ പിടിച്ചുലയ്ക്കും ..ഓരോ പ്രാവശ്യവും ജയന്റെ കൈ പിറകോട്ടു പിടിച്ചു അവർ വിലങ്ങിടുമ്പോഴും എന്റെ സഹോദരന്റെ  കൈകളിൽ വിലങ്ങു വീഴുന്ന ദുഃഖം ഞാൻ അനുഭവിച്ചു  .ഉന്നത വിദ്യാഭ്യാസവും അദ്ധ്യാപന  പരിചയവും എഴുത്തുകാരൻ എന്ന പദവിയും..നല്ല തറവാട്ടു മഹിമയും എല്ലാം ഉണ്ടായിട്ടും ..കുത്താൻ വരുന്ന കൊതുകുകളെ ആട്ടി അകറ്റാൻ ആകാതെ വിലങ്ങിട്ട കയ്യുകൾ കൊണ്ട് നിസ്സഹായമായി രാത്രി കഴിച്ചു കൂട്ടേണ്ടി വരുന്ന ജയന്റെ നിസ്സഹായത ഹൃദയം കുത്തിക്കേറുന്ന വേദന ഉണ്ടാക്കുന്നതാണ്
എവിടെ വിദ്യാഭ്യാസം ഹൃദയ പൂർവ്വം നടത്തപ്പെടുന്നില്ലയോ അവിടെ ഉത്തരവാദി ആ സർക്കാരാണ് ..സിലബസ് നിർദേശിക്കുന്ന കമ്മിറ്റിയാണ് ഇതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നത് ..കുട്ടികളെ നേർവഴിക്കു നടത്താൻ എഴുത്തും വായനയും സയൻസും കണക്കും ലോക വിജ്ഞാനവും വാന  ശാസ്ത്രവും ..ജിയോളജിയും മാത്രമാണ് നിർബന്ധം എന്ന് എപ്പോൾ അധികാരികൾ തീരുമാനിക്കുന്നുവോ അവിടെ വിദ്യാഭ്യാസം തകരുകയാണ് .. കുട്ടികളോട് ശെരി എന്താണ് എന്ന് പറഞ്ഞു കൊടുക്കാൻ നമ്മൾ  ശ്രമിക്കുന്നേയില്ല ..എന്നതാണ് വാസ്തവം
മഹാന്മാരുടെ ജീവ ചരിത്രം അവരെ പഠിപ്പി പ്പിക്കാൻ നമ്മൾ ശ്രമിക്കുന്നില്ല..ടോൾസ്റ്റോയുടെ കഥകൾ അവർ പഠിക്കുന്നില്ല..ഗാന്ധിജിയുടെ ആത്മകഥ ഇന്നത്തെ കരിക്കുലത്തിൽ എവിടെ എങ്കിലും ഉണ്ടോ ആവോ ..എബ്രഹാം ലിങ്കൺ എത്ര കുഞ്ഞുങ്ങൾക്കറിയാം.തങ്ങളിൽ ഉറങ്ങി കിടക്കുന്ന അദമ്യമായ കഴിവുകളെ ക്കുറിച്ചു അവരെ ബോധവാന്മാരാകാൻ ഹെലൻ കെല്ലറുടെ കഥ നമ്മൾ അവരെ പഠിപ്പിക്കുന്നുണ്ടോ ..ബധിരനായിട്ടും  സംഗീതം പുനർജ്ജനിപ്പിച്ച ബിഥോവനെ നമ്മളുടെ കുട്ടികൾ വായിക്കുന്നുണ്ടോ ..സ്‌കൂളിൽ നമ്മൾ അത് പഠിപ്പിച്ചില്ലെങ്കിൽ ..പിന്നെ അച്ഛനമ്മമാർ ആ പുസ്തകങ്ങൾ മക്കൾക്ക് കാശ് കൊടുത്ത വാങ്ങി കൊടുക്കും എന്നാണോ നിങ്ങൾ കരുതുന്നത്
ഇവിടെ പരിചയമുള്ള ഒരു സ്‌കൂളിൽ ടീച്ചർമാർ കോട്ടിട്ടാണ് സ്‌കൂളിൽ പോകുന്നത് ..സുകുമാര കഥ അവരെ ആരും പഠിപ്പിച്ചിട്ടില്ല എന്നെ അതിനർഥമുള്ളൂ ..മാലിയിൽ എന്താണോ അതാണ് കേരളം പോകുന്ന വഴിയും എന്ന ഹൃദയ വ്യഥയോടെ തിരിച്ചറിഞ്ഞു കൊണ്ട് ഈ പുസ്‌തകത്തിലേക്കു വരാം .
കുഞ്ഞുങ്ങളുടെ ലൈംഗീക അതി പ്രസരമുള്ള സംഭാഷണ ..ജീവിത ശൈലി ..അധ്യാപകരെ പ്പോലും ഭീഷണിപ്പെടുത്താൻ അവർക്കുള്ള ഭ യമില്ലായ്മ്മ ..ഇതെല്ലാം പേടിപ്പെടുത്തുന്ന കാര്യങ്ങൾ ആണ്
ജയന് മനസിലാവാത്ത ഒരു കാര്യമുണ്ട് ..എന്തിനു സ്‌കൂൾ എന്നെ പിന്നിൽ നിന്നും കുത്തി ..നടപടി എടുക്കില്ല എന്ന് പറഞ്ഞിട്ട് ..പിന്നെ എന്തിനു പിരിച്ചു വിട്ടു ?
കേരളീയരുടെ നൃശംമ്യത എന്നതാണ് ഒറ്റ വാക്ക് ..കൂടെയുള്ള ഏതെങ്കിലും അധ്യാപകനോ അധ്യാപികക്കോ ഒരു അനിയനോ  സഹോദരിയോ വേണ്ടപ്പെട്ടവരോ ..ഒരു ജോലിക്കായി പറഞ്ഞു വച്ചിട്ടുണ്ടാകും..ചിലപ്പോൾ പണവും വാങ്ങിയിട്ടുണ്ടാകും ..അവരെ കൊണ്ട് വരണം എങ്കിൽ ഒരു വേ ക്കൻസി  ഉണ്ടാവണമല്ലോ ..അവർ ഒരു വേക്കന്സി ഉണ്ടാക്കി..കേസിൽ നിന്നും അവർ സ്വന്തം അനസാക്ഷിയെ ഒഴിവാക്കി,കാരണം പയ്യന്റെ വീട്ടുകാർ കേസ് ഇല്ലെന്നു എഴുതി കൊടുത്തത് അത് കൊണ്ടാണ്.കേസ് ഉണ്ടാക്കിയവർക്ക് ജയ ചന്ദ്രനെ അവിടെ ജയിൽ ദീർഘകാലം കിടത്തണം എന്നില്ല..അത് കൊണ്ടാണ് പരാതി പിൻവലിച്ചത്.ജോലിയിൽ നിന്നും പിരിച്ചു വിട്ടത് സിലബസ് അറിയാഞ്ഞിട്ടാണ്.കാരണം കേസില്ല എങ്കിൽ ജയൻ വീണ്ടും ജോലിക്കു ക്ലൈം ആയി ചെന്നാലോ .ഇതിപ്പോൾ സംഗതി ക്ളീൻ ആയി ഒതുക്കി.ജയനവിടെ ജോലിക്കു ചെല്ലില്ല..അവർ വിചാരിച്ചവർക്ക്  ജോലിയുമായി . ഒരു പുതിയ മലയാളി ..ആണായാലും പെണ്ണായാലും..ആ രാജ്യത്തു ചെന്ന് പെടുകയാണ്.നല്ല സാലറി ഉണ്ടല്ലോ..ഒന്ന് ചീയുന്നത് മറ്റൊന്നിനു വ
ളം ആണല്ലോ ..അത് ലോക നടപ്പാണ്
വീണ്ടും പുസ്തകത്തിലേക്ക്
ജയിൽ ഒരു വല്ലാത്ത ലോകമാണ്.ക്രിമിനലുകളുടെ ലോകം..മയക്കു മരുന്നുപ്രയോഗിക്കുന്ന സ്‌കൂൾ കുട്ടികൾ.. ചെറുപ്പക്കാർ..സുഖത്തിനും ലഹരിക്കും വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ജനത ..ആ രാജ്യം  വലിയ ആഭ്യന്തര കലാപങ്ങളിൽ ചെന്ന് വീഴും എന്നുറപ്പാണ് .
ഇത്രയും എഴുതിയപ്പോൾ ഓർമ്മ വന്നു.മാലിദീപിൽ ആഭ്യന്തര കാലാപം എന്ന് വാർത്ത കണ്ടല്ലോ എന്ന് ..5 / 2 / 2018 ഇൽ അവിടെ ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് ഈയിടെ വാർത്ത ആയിരുന്നല്ലോ .ജയന്റെ പുസ്തകവുമായി  ചേർത്ത് വായിച്ചു നോക്കണം.നമുക്കൊരു കാര്യം മനസിലാവും..എവിടെ നിരപരാധി ജയിലിൽ അടയ്ക്കപ്പെടുന്നോ..എവിടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം വെറും പ്രഹസനം മാത്രമാവുന്നു..എവിടെ മക്കൾക്ക് എത്തിക്കൽ ആയ ശിക്ഷണം നൽകാൻ സമൂഹവും സ്‌കൂളും സർക്കാരും മുൻ കൈ എടുക്കാൻ ശ്രദ്ധിക്കാതിരിക്കുന്നുവോ അവിടം ജീർണ്ണിച്ചു  നാമാവശേഷമാവും .മാൽഡീവ്സ് അത്തരം ജീർണ്ണതയിലാണ് ..
.പൊട്ടാറായ ഒരു അഗ്നിപർവത   മുഖപ്പിൽ നിന്നും ജയൻ കഷ്ട്ടിച്ചു രക്ഷപ്പെട്ടു എന്ന് മനസിലായില്ലേ..എല്ലാം നല്ലതിനാണ് എന്ന് കരുതാൻ ഇപ്പോൾ ജയനായിട്ടുണ്ട് എന്നു  കരുതുന്നു  .2012 ഇൽ ജനാധിപത്യം അവസാനിച്ചപ്പോൾ ജയൻ ആ രാജ്യം  വിടേണ്ടതായിരുന്നു .പിന്നെ ആ രാജ്യം മറ്റൊരു പാകിസ്ഥാൻ ആണ് എന്ന് കരുതണമായിരുന്നു

അത് പോട്ടെ വീണ്ടും പുസ്തകത്തിലേക്ക് വരാം ..ജയിലിൽ അച്ഛൻ കൂടെയുണ്ട് എന്ന് പതിഞ്ഞ സ്വരത്തിൽ ചെവിയിൽ പറയുന്നത് വായിച്ചപ്പോൾ മനസ് ഒന്ന് കൂമ്പി ..സ്നേഹത്തിന്റെ തരളത  തുളുമ്പുന്ന വരികൾ ..എന്നും നടക്കാൻ പോകുമ്പോൾ പി ലീലയുടെ ഹരിനാമം കീർത്തനം കേൾക്കുന്നതാണ് ശീലം..'അമ്മ എല്ലായ്പ്പോഴും ഹരിനാമ കീർത്തനം പാടുമായിരുന്നു.ആ സ്വരം എത്തിപ്പിടിക്കാൻ മനസിന്റെ ഒരു ത്വര ആണതെന്നുഇപ്പോൾ  ജയനെ വായിച്ചപ്പോഴാണ് മനസിലായത്
ജയിലിൽ സഹ തടവുകാരുടെ കഥകൾ പറയുമ്പോൾ ജയൻ ഒരിക്കലും അവരെ ജഡ്ജ് ചെയ്യാൻ ശ്രമിക്കുന്നത് കണ്ടില്ല..ഞാൻ ഒരു മഹാൻ..ബാക്കി എല്ലാവരും തെമ്മാടികൾ..ക്രിമിനലുകൾ എന്നൊരു അസഹ്യത ഇല്ല..കുളിക്കാത്ത ...ടോയ്‌ലെറ്റിൽ വെള്ളമൊഴിക്കാത്ത സഹ തടവുകാരെ ക്കുറിച്ചു എഴുതുമ്പോൾ കൂടി ഈ നിർമ്മമായ നിലപാട് വളരെ വ്യക്തമാണ്.അത് സ്വാഗാതാർ ഹമാണ് താനും
നെറ്റിയിൽ വന്നിരുന്ന ആ പഞ്ചവര്ണ കിളിയെ ആരെങ്കിലും കൊന്നു കാണുമോ എന്നൊരു സംശയം എനിക്കില്ലാതില്ല..ഒത്തിരി സിനിമ കാണുന്നതിന്റെ തകരാർ ആകും  ..
തക്കിജ്ജ എന്ന വാക്കിന്റെ അർഥം ..പുറത്തേക്ക് എന്നാണ്.വിടുതൽ ലഭിക്കുന്ന തടവുകാരുടെ പേര് വിളിച്ചു ..തക്കിജ്ജ എന്ന് ഉറക്കെ പറഞ്ഞാൽ അയാളുടെ ശിക്ഷ അവസാനിച്ചു എന്നാണു ..
ഇവിടെ നോവലിൽ ജയചന്ദ്രൻ തക്കിജ്ജ എന്ന് ആരോ വിളിച്ചത് വായിച്ചപ്പോൾ .അസഹ്യമായ എന്തോ വികാരത്താൽ ഞാൻ വല്ലാതെ കരഞ്ഞു പോയി ..
അന്നും ഇന്നും ഭൂമി സമുദ്രത്തിൽ മുങ്ങാതെ നിലനിൽക്കുന്നത് ഭൂമിയിലെ നല്ലവരായ മനുഷ്യരുടെ കരുണ കൊണ്ടാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ ..ഭൂമി മുഴുവൻ സ്വാർഥരും ക്രൂരരും അക്രമികളും ആയിരുന്നെങ്കിലോ
ഭൂമി പണ്ടേക്കും പണ്ടേ  ദുഷ്ട ജന ഭാരം സഹിയാതെ സമുദ്രത്തിൽ താണു പോയേനെ
നല്ലൊരു വായന അനുഭൂതി ന;ൽകിയതിനു ..ഹൃദയത്തിൽ തറച്ച നന്ദി 
അഭിനന്ദനങ്ങൾ
രാജാ  ഹരിശ്ചന്ദ്രൻ കടന്നു പോയ അനുഭവങ്ങൾ ഓർത്ത് നോക്കൂ
ഇവനീതു  ഭവിക്കേണം
അവശതകൾ ഭവിക്കേണം
അർത്ഥ നാശം വരേണം
എന്നൊക്കെ ഓരോരുത്തരുടെയും തലയിൽ എഴുതിയിട്ടുണ്ട്
അങ്ങിനെയങ്ങു ആശ്വസിക്കുക
ആരും ഇതിൽ നിന്നൊന്നും മോചിതരല്ല
ഡിസി ബുക്ക്സ് ആണ് പബ്ലിഷ് ചെയ്തിരിക്കുന്നത്
വില 275 രൂപ

Thursday, August 31, 2017

The Cuckoos Calling --- Robert Galbrieth

ബാംഗ്ലൂർ പരീക്ഷ എഴുതാൻ പോയപ്പോഴാണ് അവിടെ ഒരു മാളിൽ ഒന്ന് കയറിയത് ..ബുക്ക് സ്റ്റാൾ കണ്ടപ്പോൾ സന്തോഷമായി ..ചുമ്മാ കറങ്ങി നടന്നു
ഏറ്റവും കൂടുതൽ വിടറ്റു  പോകുന്ന പുസ്തകം (BEST SELLING BOOK)
 അങ്ങിനെ ഒരു കുറിപ്പെഴുതി വച്ചിരിയ്ക്കുന്ന  പുസ്തകത്തിലേക്ക് കണ്ണ് ചെന്നു
കുക്കൂസ് കാളിങ്
(കുയിൽ വിളിയ്ക്കുന്നു --കൂകുന്നു )
എന്നൊക്കെ വി കെ  എൻ ഭാഷ്യം
കുറ്റാന്വേഷണ നോവൽ ആണ് ..നല്ല വിലയും
വാങ്ങണോ ..വേണ്ടയോ ..വാങ്ങണോ  വേണ്ടയോ
എന്നിങ്ങനെ വി ഡി രാജപ്പൻ രീതിയിൽ ഒന്ന് ചിന്തിച്ചു
ലോകം മുഴുവൻ ആളുകൾ വായിയ്ക്കുന്ന ..ഇഷ്ട്ടപെട്ട പുസ്തകം ആണെങ്കിൽ അതിനു എന്തെങ്കിലും മെറിറ്റ് കാണുമല്ലോ

വാങ്ങി ...വായന തുടങ്ങി ..നാട്ടിൽ എത്തുന്നതിനു മുൻപ് അത് വായിച്ചു തീർത്തു ..സത്യത്തിൽ വയറ്റിൽ വിര ഉള്ള പിള്ളേർ ഭക്ഷണം കഴിയ്ക്കുന്നത് പോലെയാണ് വായനയിൽ ഒരു രീതി ..ആർത്തി..എന്നല്ല..അത്യാർത്തി ആണ് ..വായിച്ചു തീരാതെ ഉറക്കം വരില്ല ..
വളരെ മനോഹരമായി എഴുതപെട്ട ഒരു കുറ്റാന്വേഷണ നോവൽ ആണിത് .നായകൻ കോരമാൻ സ്ട്രൈക്ക് ..ബ്രിട്ടീഷ് റോയൽ ആർമിയിൽ ഉണ്ടായിരുന്നു.അഫ്‌ഗാനിൽ ഉണ്ടായ ഒരു അപകടത്തിൽ ഒരു കാൽ മുറിച്ചു കളഞ്ഞു ..മുട്ടിനു താഴെ വച്ചു ..ശരീര ഭാരം വളരെ കൂടുതലും ആണ്.നല്ല മദ്യപാനിയും..പുക വലിക്കാരനും .കയ്യിൽ പണമില്ല..കാമുകിയോട് പിണങ്ങി ..ഓഫിസിൽ ആണ് താമസം ..ഒരു കാറില്ല ..ബാങ്കിൽ തുട്ടില്ല .. ആരോഗ്യമില്ല ..കൃത്രിമ കാലിനു ഭയങ്കര വേദന ആവും വൈകീട്ട് വരെ നടക്കുമ്പോൾ ..ടാക്‌സിക്കൊന്നും പോകാൻ പണമില്ല..കേസുകൾ ഇല്ലേ ഇല്ല
ഉള്ളത് തന്നെ ..ഭർത്താവിനെ വിവാഹേതര ബന്ധം കണ്ടു പിടിയ്ക്കാൻ ഭാര്യമാർ ..ഭാര്യമാരുടെ ചാരനെ കണ്ടു പിടിയ്ക്കാൻ ഭർത്താവ് ..ഒക്കെ കൊടുക്കുന്ന അന്വേഷണങ്ങൾ മാത്രം
ഓഫിസിൽ ചുക്കോ ചുണ്ണാമ്പോ ഇല്ല
ഓഫിസ് അസിസ്റ്റന്റ് പോയപ്പോൾ അജൻസിയിൽ നിന്നും പുതിയതായി അയച്ചത് റോബിൻ എന്ന യുവതിയെയാണ് ..നല്ല സുന്ദരി ..വകതിരിവും ബുദ്ധിയും ഉള്ളവൾ ..എന്നാൽ വിവാഹ നിശ്ചയം കഴിഞ്ഞവൾ ആണ് .
ഒരാഴ്ചത്തെ ഗാപ്പിനു ജോലിയ്ക്കു വന്നവൾ ക്കു തന്റെ പുതിയ ബോസിനെയും ജോലിയെയും ഇഷ്ട്ടമായി .ഒരു നല്ല കമ്പനിയിൽ കിട്ടിയ നല്ല ജോലി അവൾ നിരസിച്ചു ..കോരാമന്റെ കൂടെ കൂടുന്നു .കാമുകന് അത് തീരെ പിടിയ്ക്കുന്നില്ല ..എങ്കിലും റോബിൻ അത് വക വയ്ക്കുന്നില്ല


കഥകൾ ഒന്നും വിശദമായി പറയുന്നില്ല ..ആദ്യത്തെ കേസ് ..ലുലാ എന്ന കറുത്ത വംശക്കാരിയായ ഒരു സൂപ്പർ മോഡലിന്റെ മരണമാണ് .സ്‌ട്രൈക്കിന്റെ സുഹൃത്ത് ചാർളിയുടെ പെങ്ങൾ ആണ് ലുല ..ചാർളി ഒരു കൽക്കരി ഖനിയിൽ വീണു മരണപ്പാട്ട്‌കയാണ് ഉണ്ടായത്.അതിനു ശേഷം ധനികരായ അവന്റെ മാതാ പിതാക്കൾ വീണ്ടും വളർത്താൻ എടുത്ത കുട്ടിയാണ് ലുല.
മഞ്ജു പൊഴിയുന്ന ഒരു രതിരയിൽ അവൾ സ്വന്തം ഫ്‌ളാറ്റിന്റെ മട്ടുപ്പാവിൽ നിന്നും താഴോട്ട് ചാടി മരിയ്ക്കുകയാണ് .അതൊരു ആത്മഹത്യ ആണെന്നും പോലീസ് കരുതുന്നു.എന്നാൽ അവളുടെ മറ്റൊരു സഹോദരൻ ഇത് സംശയിക്കുന്നു ..അയാൾ സ്‌ട്രൈക്കിനെ വന്നു കണ്ടു കേസ് അന്വേഷിക്കാൻ ആവശ്യപ്പെടുകയാണ് ..നെർവ്
ആ കുറ്റവാളിയെ കണ്ടു പിടിച്ചതോടെ കോരമാൻ പ്രസിദ്ധനാകുന്നു ..ഒരു ദിവസം റോബിന്റെ കയ്യിൽ കിട്ടുന്ന പാഴ്‌സലിൽ ഒരു മുറിച്ച വിരൽ ആണ് ..
കഥകൾ കൂടുതൽ എഴുതുന്നില്ല.
ഇതൊരു നെർവ് ഗ്രിപ്പിങ് പുസ്തകം ആണ്
ബിബിസി ഇത് ഡ്രാമ മോഡിൽ ചെയ്യുന്നു ..ഇന്നലെ അത് അപ്‌ലോഡ് ചെയ്തിരിക്കുന്നത് കണ്ടു ,,വലിയ സന്തോഷമായി ..രണ്ടു എപ്പിസോഡ് ആണ് വന്നിട്ടുള്ളൂ ..വരുന്ന മുറയ്ക്ക് മുഴുവനും കാണണം എന്നുണ്ട്

ഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ  ഈ കഥാകാരൻ പുതിയത് വല്ലതും എഴുതിയിട്ടുണ്ടോ എന്ന് ഗൂഗിളിൽ തിരക്കി ..
ദി സിൽക്ക് വേം (പട്ടു നൂൽ പ്പുഴു ) ആണ് ഇതിന്റെ സീക്വൽ
ആ പുസ്തകം വായിച്ചു കഴിഞ്ഞു പിറ്റേ വര്ഷം വീണ്ടും ആ മാളിൽ ചെന്ന്.പുതിയ ബുക്ക് ഇറങ്ങിയിട്ടുണ്ടോ എന്നറിയാൻ ..ഇല്ല..വീണ്ടും ഗൂഗിളിൽ പരതി
അപ്പോൾ ഒരു പുതു കാര്യം അറിഞ്ഞു ,,ഇത് ഹാരി പോട്ടർ നോവലിസ്റ്റ് ജെ കെ റൗളിങ് ന്റെ പുസ്തകങ്ങൾ ആണ് ..പുള്ളിക്കാരി പേര് മാറ്റി എഴുതിയതാണ്
സിൽക്ക് വേമിനെ കുറിച്ച് ഉടനെ എഴുതാം,
ഡ്രാമയിലെ നായകനും നായികയുമാണ് ഫോട്ടോയിൽ
TOM BURKE &HOLLIDAY GRAINGER
DIRECTOR --MICHAEL KEILLOR


 

Tuesday, August 15, 2017

freedom

സ്വാതന്ത്ര്യം
അത് നിയതമായ ഒരു നിർ വചനത്തിനു വഴങ്ങുന്ന ഒരു വാക്കല്ല ..എന്നാൽ രാഷ്ട്ര സ്വാതന്ത്ര്യം കുറേക്കൂടി നമുക്ക് വഴങ്ങുന്ന സങ്കൽപ്പങ്ങളിൽ അധിഷ്ഠിതമാണ് .
പാക്കിസ്ഥാനും ഭാരതവും ഒരേ സമയം സ്വാതന്ത്ര്യം നേടിയ രണ്ടു രാഷ്ട്രങ്ങൾ ആണ് ..പാക്കിസ്ഥാൻ ലോകത്തെ ഏറ്റവും വെറുക്കപ്പെടുന്ന രാജ്യ ങ്ങളിൽ ഒന്നായി ..വളരെ വികസരമായ ഒരു രാജ്യമായി ഇപ്പോഴും തുടരുന്നു.ഭാരതം ശാസ്ത്ര സാങ്കേതിക രംഗത്തും പ്ലാനിങ്ങിന്റെയും വാർത്ത വിനിമയ രംഗത്തും ഒക്കെ നല്ല പുരോഗതി കൈവരിച്ചിരിക്കുന്നു .
ഭാരതത്തെ ലോക രാജ്യങ്ങളിൽ ഏറ്റവും ശക്തമായ നിലയിൽ എത്തിക്കാൻ ശ്രീമാൻ നരേന്ദ്ര മോദിയും സർക്കാരും കഠിനമായി യത്നിക്കുന്നു
നെഹ്രുവിന്റെ പഞ്ച വത്സര പദ്ധതിയും സോഷ്യലിസ്റ്റ് ചേരിയോടുള്ള കൂറും ..രാജീവ് ഗാന്ധിയുടെ ഭരണത്തോടെ തീർന്നിരുന്നു .സോഷ്യലിസ്റ്റ് റഷ്യ ഇല്ലാതായതും ആ മാറ്റത്തിന് കാരണമായി എന്നതും വിസ്മരിക്കുന്നില്ല

ഇടതു പക്ഷക്കാർ ഇരുന്നും നിന്നും  കിടന്നും കോൺഗ്രസിനെ വിമർശിക്കുമ്പോഴും..ഭാരതത്തിലെ ജന കോടികൾക്കു വേണ്ടി കോൺഗ്രസ് തങ്ങൾക്കു ആകാവുന്ന ചെയ്തിരുന്നു എന്ന് കരുതാനാണ്  എനിക്കിഷ്ട്ടം.
അവർ സ്വയം ചീട്ടു കൊട്ടാരം പോലെ തകർന്നതും അത് കൊണ്ടാണ്.പ്രബലരായ സമ്പന്ന കർഷക ലോബിയുടെ ശക്തി തകർക്കാനായി കോൺഗ്രസ് കൊണ്ട് വന്ന സാമ്പത്തിക പരിഷ്‌ക്കാരങ്ങൾ  .. അന്ന് വരെ അവരെ തുണച്ചിരുന്ന സമീന്ദാരിൽ നിന്നും അകറ്റി.സെമീന്ദാരി സമ്പ്രദായം പോലും..2005 ഇൽ കൊണ്ടുവന്ന  ഹിന്ദു സ്വത്തു സംബന്ധിച്ച ഒരു ബില്ലിൽ കോൺഗ്രസ് എടുത്തു കളഞ്ഞു ..ഹിന്ദു കുടുമ്പങ്ങളിലെ സ്ത്രീകൾക്ക് അച്ഛന്റെ സ്വത്തിനു അവകാശം നൽകുന്ന..ഒരു പ്രബലമായ ഒരു ഭരണ പരിഷ്ക്കരമായിരുന്നു അത്.കൂട്ട് കുടുമ്പങ്ങളിലെ ദായ ക്രമത്തിൽ അത് വലിയ മാറ്റം വരുത്തി .മറുപടിയായി
സെമീന്ദാർമാർ കടുത്ത പണി കൊടുത്ത്  കോൺഗ്രസിനെ അട്ടത്തിൽ ഇരുത്തി.
പിന്നീട് അധികാരത്തിൽ  വന്ന ബിജെപി ഭാരത പുരോഗതിക്കായി പ്രതിജ്ഞ ബദ്ധരായ ഒരു സംഘം ആളുകളെ ആണ് കൂടെ കൂട്ടിയിരിക്കുന്നത്.
ആർ എസ്  എസ് ജയിച്ച ഈ ലോക സഭ തിരഞ്ഞെടുപ്പിൽ ,അവർ തങ്ങളുടെ എയ്‌സ്‌ ചീട്ടുകൾ  ആണ് നിലത്തിറക്കിയിരിക്കുന്നത്   .കറ  കളഞ്ഞ സ്വയം സേവകർ ആണ് മോദിയടക്കം പ്രധാന എല്ലാ പോസ്റ്റുകളിലും ഇപ്പോഴുള്ളത് .
ഭാരതത്തെ പ്പോലെ അതി വിശാലമായ ഒരു ജന സ്ഥലിയെ ..ഒരു ദിവസം കൊണ്ട് കാവിയുടുപ്പിക്കാം എന്ന് കരുതിയല്ല അവർ മന്ത്രിമാരെ തിരഞ്ഞെടുത്തത് ..അഴിമതി മുക്തരായ ഒരു ഭരണ സംവിധാനം ആണ് ആർ എസ് എസ്  പ്രതീക്ഷിക്കുന്നത്
പ്രധാന മന്ത്രി സ്ഥാനാർഥി മോഡി ആണെന്ന് തീരുമാനിച്ചതിനു ശേഷം..രണ്ടു കൊല്ലത്തോളം മോഡി കർശനമായ വൃതാനുഷ്ട്ടാനങ്ങളിൽ ആയിരുന്നു.അതിന്റെ അവസാനം പത്രണ്ടു് ദിവസം മൗന വൃതവും എടുത്തു .ഇതും കൂടി  കഴിഞ്ഞാണ് മോദിയുടെ നാമ നിർശേഷ പത്രിക സമർപ്പിക്കുന്നത്  .
അവർ അന്യ മതസ്ഥരെ ഉപദ്രവിയ്ക്കുമെന്നോ..അവരുടെ സ്വാതത്ര്യം ഹനിക്കുമെന്നോ..എന്നൊന്നും നമുക്കിപ്പോൾ പറയാൻ കഴിയില്ല
കാരണം ആർ എസ് എസ് വളരെ രഹസ്യ സ്വഭാവമുള്ള സംഘടനയാണ്.അതിന്റെ ബൈഠക്കുകൾ അതീവ ജാഗ്രതയോടെ നടത്തപ്പെടുന്നു.എവിടെ വച്ചാണ് അവ നടക്കുന്നത് എന്ന് പത്രങ്ങൾ അറിയുന്നില്ല..അവർ സ്‌കൂപ്പുകൾ അടിച്ചു വിടുന്നില്ല..വിഎസ്സുമാർ പുറത്തു പത്ര സമ്മേളനം നടത്തുന്നില്ല.ഭാരവാഹികൾ സമ്മേളനത്തിന് മുൻപ്  പത്ര സമ്മേളനം നടത്തുന്നില്ല.നമുക്കവരെ കുറിച്ച് ഒന്നും അറിയില്ല..കാവിയുടുത്തൊ നെറ്റിയിൽ വീശുപാള കുറി തൊട്ടോ നമ്മളവരെ കണ്ടെന്നും വരില്ല.
കേരളത്തിലെ കാര്യം തന്നെ എടുക്കാം.അവർ അതി സൂക്ഷ്മ മായി കേരളത്തിൽ വേരുകൾ ആഴ്ത്തിയത് ആരും അറിഞ്ഞില്ല.ഭാരതത്തിൽ  ആർ എസ എസ നു ഏറ്റവും കൂടുതൽ ശാഖകൾ ഉള്ളത് പ്രബുദ്ധ കേരളത്തിൽ ആണ് .കേരളത്തിലെ നിലവിലുള്ള എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും അവർ ഇഷ്ടപ്പെടുന്നില്ല.കോൺഗ്രസ്.. സിപിഎം അങ്ങിനെ രണ്ടു കൂട്ടരെയും..
നമ്മുടെ വിഷയം സ്വാതന്ത്ര്യം  ആണല്ലോ
തങ്ങൾക്കു ലഭിച്ച അധികാരം ഭാരതത്തിലെ പര കോടിയായുള്ള ദരിദ്ര നാരായണമാരുടെ ഉന്നമനത്തിനായി ഉപയോഗിക്കാൻ ഇവർക്ക് കഴിയുമോ
അങ്ങിനെ ഒരുദ്ദേശം ഇവർക്കുണ്ടോ
വിഭജന കാലത്ത് ഗാന്ധിയെ തന്നെ കൊല്ലാൻ ധൈര്യം കാണിച്ച ആർ എസ് എസ് സാഹസികത മറന്നു കൂടാ
അതിന്റെ പേരിൽ രാഷ്ട്രീയ നിഷ്‌കാസനം ആറു പതിറ്റാണ്ട് അനുഭവിച്ചതും ഇവരാണ് ..
ഇനിയും ഇരുമ്പ് ഏറ്റവും ചൂടായിരിക്കുമ്പോൾ ഇവർ അടിയ്ക്കും ..ആഞ്ഞു തന്നെ ..
അത് പിണറായിക്കും ഇടതു സർക്കാരിനും എതിരെ ആയിരിയ്ക്കും എന്നും സംശയം  വേണ്ട.ഉത്തര ഖണ്ഡിലും ബിഹാറിലും മറ്റും മറ്റും കളിച്ച കളി ഇനി കേരളത്തിലേക്കും ഉടനെ വരും.കെ എം മാണിയെ മുഖ്യമന്ത്രി  ആക്കി അവർ കളികൾ കളിച്ചേക്കുമെന്നതും ഒരു സംശയമാണ്   ..
വീണ്ടും സ്വാതന്ത്ര്യം ..അതിലേക്കു വരാം
ഭാരത്തിന്റെ അഖണ്ഡത നിലനിർത്തി ..ഒരുത്തമ ഭരണം കാഴ്ച വയ്ക്കാൻ ഇവർക്കാവുമോ ..അധികാരത്തിൽ എത്താൻ  ഇവർ കാണിയ്ക്കുന്ന തിരക്ക്..ഭാരതത്തിന്റെ സ്വതന്ത്ര ജനാധിപത്യ സംവിധാനത്തിന് തുരങ്കം വയ്ക്കുമോ
മത ന്യൂന പക്ഷങ്ങൾക്കു സ്വാതന്ത്ര്യം..ഇല്ല എങ്കിൽ ..അവർക്കു സ്വത്തു സമ്പാദിക്കാനും..ഇഷ്ട്ടമുള്ള തൊഴിലിൽ ഏർപ്പെടാനും രാജ്യത്തു എവിടെയും സഞ്ചാരിയ്ക്കാനും..പൂർണ്ണ പൗരൻ എന്ന നിലയിലുള്ള പൂർണ അധികാരങ്ങൾ അവകാശങ്ങൾ നില നിൽക്കുമോ ..നില നിർത്തുമോ ഈ സർക്കാർ
ഈ സ്വാതന്ത്ര്യ  ദിനത്തിൽ എന്നെ അലട്ടുന്ന അസ്‌പഷ്ട സംശയങ്ങൾ ആണിവ

Monday, July 24, 2017

ALL THE LIGHT WE CANNOT SEEAnthony Doerr
2015 ലെ പുലിറ്റ് സർ സമ്മാനം നേടിയ പുസ്തകം ആണ് "നമ്മൾ കാണാത്ത വെളിച്ചം "

അമേരിക്കൻ എഴുത്തുകാരൻ ആയ ആന്റണി ഡയർ ആണീ പുസ്തകം എഴുതിയിരിക്കുന്നത്
രണ്ടാം ലോക മഹായുദ്ധ കാലത്ത് അമേരിക്ക ബോംബിട്ടു തകർത്ത സൈന്റ്റ് കാർലോ എന്ന ഫ്രഞ്ച് ദീപിന്റെ പശ്ചാത്തലത്തിൽ എഴുതപെട്ട റി യുദ്ധ നോവൽ ആണിത് ..
ഒരു ജർമ്മൻ..നാസി... സൈനികന്റെ ജീവിതാനുഭവങ്ങളും ..അന്ധയായ ഒരു ബാലികയുടെ കഥയും ..അത്യപൂർവ്വമായ ഒരു രത്നവും (സീ ഓഫ് ഫ്ളയിംസ്‌ ..തീ പിടിച്ച കടൽ )..എല്ലാം കൂടി ചേർന്ന ഒരു പുതു വായനാനുഭവം നൽകിയ നോവൽ എന്നെ നമുക്കെ പുസ്തകത്തെ ലഘൂവായി വിശദീകരിക്കാൻ ആവൂ
ഏതു തരത്തിലുള്ള മെക്കാനിക്കൽ ഉപകരണങ്ങളും ലാഘവത്തോടെ കൈ കാര്യം ചെയ്യുന്ന
അനാഥാലത്തിൽ വളരുന്ന
ജർമനിയിൽ താമസിക്കുന്ന വാർണർ ഫെന്നിങ് എന്ന ഒരു പയ്യന്റെയും
ആറു വയസിൽ അന്ധയായ
ഒരു പാരിസിലെ ഒരു ചരിത്ര മ്യൂസിയത്തിലെ കൊല്ലന്റെ മകളുമായ മേരി എന്ന പെൺ കുട്ടിയുടെയും വിധി 
കൂട്ടി ചേർത്തു വായിക്കപ്പെടുന്ന അത്ഭുത കഥയാണീ പുസ്തകം

നാസിസത്തിന്റെ മറ്റൊരു ഭീതി പെടുത്തുന്ന മുഖവും ഈ പുസ്തകത്തിൽ ആലേഖനം ചെയ്യപ്പെടുന്നുണ്ട്
ദരിദ്രനായ നാസി അവൻ 
ജൂതനെക്കാൾ ദുസ്സഹമായ അപമാനകരമായ ..ആട്ടി ഓടിക്കപ്പെടുന്ന 
ജീവിതമാണ് ഹിറ്റ്ലറുടെ ജർമനിയിൽ നയിക്കുന്നത്
പതിനഞ്ചു വയസിൽ ..അനാഥാലയം ഒന്ന് കാണണം ,അവധിക്കു അവിടെ പോകാൻ അനുവദിക്കണം എന്ന് അധ്യാപകനോട് ആവശ്യപ്പെട്ടതിന്റെ പേരിൽ വാർണർ സ്‌കൂളിൽ നിന്നും തിരസ്കൃതനാവുകയാണ് .ഇവന്റെ അസാമാന്യ സിദ്ധി കണ്ടു ആ സമ്പന്നന്മാരുടെ സ്‌കൂളിൽ ഇവനെ ചേർത്തതായിരുന്നു ..റേഡിയോ ..നന്നാക്കുന്നതിലും വാർത്ത വിനിമയ ഉപകരണങ്ങൾ രൂപപ്പെടുത്തുന്നതിലും വാർണറെ അവർ നന്നായി ഉപയോഗിക്കുന്നുണ്ട് ..എങ്കിലും വീട്ടിൽ പോകാൻ ആവശ്യപ്പെട്ടത് ഇഷ്ടപ്പെട്ടില്ല പതിനഞ്ചു വയസു മാത്രം പ്രായമുള്ള പയ്യന്സിനെ ജന്മ ദിനം തെറ്റായാണ് ചേർത്ത് എന്ന് പറഞ്ഞു പതിനെട്ടു കാരനാക്കി യുദ്ധ മുന്നണിയിലേക്ക് അയക്കുകയാണ്
പാരിസിൽ ജർമ്മൻ ആക്രമണം ഉണ്ടാവും എന്ന് ഭയന്ന് അത്യപൂർവ്വമായ രത്നം മ്യൂസിയം അധികാരികൾ അതിന്റെ ഡ്യൂപ്പിക്കെറ്റുകൾ ഉണ്ടാക്കി നഗരത്തിനു പുറത്തു കടത്തുന്നു.അതിലൊരെണ്ണം മേരിയുടെ അച്ഛന്റെ കയ്യിലാണ് കൊടുത്ത് വിടുന്നത്
നഗരം ആക്രമിക്കപ്പെടും എന്ന് ഭയന്ന് മേരിയും അച്ഛനും നഗരം വിടുന്നു.എത്തിപ്പെടുന്നത് ഒരു തീര ദേശ പ്രദേശമായ സൈന്റ്റ് കാർലയിലാണ്
അവളുടെ അച്ഛനെ ഈ കല്ല് കൈക്കലാക്കാൻ വേണ്ടി അറസ്റ് ചെയ്യുന്നു 
നഗരം തീർത്തും വിജനമായി .എല്ലാവരും പലായനം ചെയ്തു കഴിഞ്ഞു .താമസിക്കുന്ന വീട്ടിലെ ഒരു രഹസ്യ അറയിൽ ഇവൾ കുടുങ്ങി പോവുകയാണ്..കൂട്ടിനൊരു റേഡിയോവും.എല്ലാ റേഡിയോകളും അധികാരികൾ പിടിച്ചെടുത്തിരുന്നു.എന്നാൽ ഈ വീട്ടിലെ നിലവാരിയിൽ ഒരെണ്ണം ഉണ്ട്.
താൻ വായിച്ച നോവലില്ന്റെ കഥ മേരി ആ റേഡിയോവിലൂടെ പറഞ്ഞു കൊണ്ടിരിക്കുകയാണ്. ജർമ്മൻ സൈന്യത്തിൽ വാർണറുടെ ജോലി ഇങ്ങിനെ രഹസ്യമായി പ്രവർത്തിക്കുന്ന റേഡിയോ സ്റ്റേഷനുകൾ പിടിച്ചെടുക്കലാണ്
രത്‌നം തേടി എത്തിയ ഒരു ജർമ്മൻ ജെമ്മോളജിസ്റ്റും ..മേരിയുടെ വീട്ടിലുണ്ട് ..അയാൾക്ക് കല്ല് ഈ വീട്ടിലുണ്ട് എന്നറിയാം ..എന്നാൽ എത്ര തപ്പിയിട്ടും കിട്ടുന്നില്ല മേരി രഹസ്യ അറയിൽ നിന്നും ഇറങ്ങുന്ന മുഹൂർത്തത്തിൽ അയാൾ പിടി കൂടുന്നു ..അവസാനം മേരി പറയുന്നത് ഇങ്ങനെയാണ്.
അയാൾ ഇവിടെ എത്തി ..എന്നെ കൊല്ലും ..
ഈ ടെലികാസ്റ് കേട്ട് കൊണ്ടിരുന്ന വാർണർ തന്റെ കടുത്ത പനി വക വൈക്കത്തെ മേരിയെ തേടി എത്തുകയാണ് 
മേരിയും വാർണറും കള്ളനും ..പരസ്പരം കണ്ടു മുട്ടുന്നു.വാർണർ ...മേരിയെ കൊല്ലാൻ ഒരുങ്ങുന്ന ആഭരണ മോഹിയെ സമയത്തിനു എത്തി വധിക്കുന്നു .
നല്ല പനി മൂലം നന്നേ അവശനായിട്ടു പോലും മേരിയെ അവൻ രക്ഷിച്ചു നഗരത്തിനു പുറത്തെത്തിക്കുന്നു ..
എന്നാൽ അവനു യുദ്ധം അതി ജീവിക്കാൻ കഴിയുന്നില്ല
വാർണറുടെ പെങ്ങൾ
വലിയ ശരീരമുള്ള കൂട്ടുകാരൻ ..ഒക്കെയും ഇതിലെ കഥാപാത്രങ്ങൾ ആണ്
അന്ധതയുടെ ലോകം ഭീതിദമാണ് ..നമ്മൾ കണ്ണുകൾ ഉള്ളവർക്ക് സങ്കൽപ്പിക്കാൻ പോലും പറ്റാൻ കഴിയാത്ത വണ്ണം ഇരുളടഞ്ഞതും ..അടിച്ചമർത്തുന്നതും ആണ് ..യുദ്ധ കാലത്ത് അത് നിസാഹയാമാം വണ്ണം അപകടകരവുമാണ്
തിരികെ വീട്ടിൽ എത്തിക്കാൻ പഠിപ്പിക്കുന്നത് മുതൽ..ഒരന്ധ എങ്ങിനെ തനിയെ ജീവിയ്ക്കണം എന്ന് പഠിക്കുന്ന പഠിപ്പിക്കുന്ന ഒരച്ഛന്റെയും മകളുടെയും സ്നേഹത്തിന്റെ കഥ കൂടിയാണ് ഈ പുസ്തകം
ആരോഗ്യവും സൗന്ദര്യവും ശക്തിയും ..ഇതിൽ മൂന്നിലും ജർമ്മൻ കാർ അന്നും ഇന്നും മുന്നിലാണ് ..സ്‌കൂളിൽ ശക്തി കുറഞ്ഞവരെ ആക്ഷേപിച്ചും ഉപദ്രവിച്ചും കൊല്ലാറാക്കിയും ഒഴിവാക്കുന്ന നാസി കുട്ടികളുടെ അഹങ്കാരം ..മറ്റുള്ളവരെ ഉപദ്രവിക്കുന്നതിൽ അവർക്കു കിട്ടുന്ന സന്തോഷം ഒക്കെ ഈ പുസ്തക മാത്രം തരുന്ന ചില പുതു അനുഭവങ്ങൾ ആണ്
ഉയർന്ന മാടമ്പി കുടുമ്പത്തിൽ ജനിച്ചു ..അച്ഛന്റെയും അമ്മയുടെയും ആഗ്രഹത്തിന് വഴങ്ങി ഈ സ്‌കൂളിൽ പഠിക്കാൻ വന്നു മൃത അവസ്ഥയിൽ എത്തിയ വാർണറുടെ മറ്റൊരു കൂട്ടുകാരനെ കുറിച്ച് ഓർക്കുമ്പോൾ നമ്മുടെ മനസു കൂമ്പി പോകും ..ഉപദ്രവിച്ചു ഉപദ്രവിച്ചു കൂട്ടുകാർ അവനെ വെജിറ്റബിൾ സ്റ്റേജിൽ ആക്കി കളഞ്ഞു
മനുഷ്യൻ മനുഷ്യനോട് കാണിക്കുന്ന ക്രൂരത ..ഏതു പ്രതികൂല സാഹചര്യത്തിലും കെടാത്ത മനുഷ്യ സ്നേഹം ..യുദ്ധത്തിൽ വെന്ത നഗരങ്ങളുടെ കരിഞ്ഞ മണം ..അത്യാർത്തി ..ക്രൂരത ..അങ്ങനെ മനുഷ്യ വികാരങ്ങളുടെ... ജീവിതാനുഭവങ്ങളുടെ ഒക്കെ ഒരു പുതു വ്യാഖ്യാനം എല്ലാം കൂടിയതാണീ പുസ്തകം

ചിദംബര സ്മരണകൾ ...ബാലചന്ദ്രൻ ചുള്ളിക്കാട്

ചിദംബര സ്മരണകൾ
ബാലചന്ദ്രൻ ചുള്ളിക്കാട്
ഈ പുസ്തകം വായിച്ചപ്പോൾ മുതൽ അതിനെ കുറിച്ച എഴുതണം എന്ന് തോന്നിയതാണ് ..പല തിരക്കുകൾ കാരണം മാറ്റി വച്ച് എന്നതാണ് സത്യം .
ചുള്ളിക്കാടിനും എനിക്കും ഇടയിൽ ഒരു പൊതു സുഹൃത്തുണ്ട്..ഞങ്ങൾ ഏതാണ്ട് സമപ്രായക്കാരും ആണ് ..
1980കൾ .... ചുള്ളിക്കാട് കയറി വരുന്ന സമയമാണ് ..ജോലി ഒന്നും ആയിട്ടില്ല..കൂടെ പഠിക്കുന്ന വിജയ ലക്ഷ്മിയെ കല്യാണം കഴിക്കുകയും ചെയ്തു.ഒരു വിധം നന്നായി മദ്യപിക്കും ..വീട്ടുകാരുമായി യോജിച്ചു പോകാനാത്ത പ്രകൃതം ..അലഞ്ഞു നടക്കും
കൂട്ടുകാർക്കെല്ലാം വലിയ സഹതാപമാണ്.കവിതകൾ അതിന്റെ സ്ട്രക്ചർ കൊണ്ടോ ആശയം കൊണ്ടോ അത്ര മഹത്തൊന്നും ആയിരുന്നില്ല എങ്കിലും..കവി അരങ്ങുകളിൽ കവി അത് ചൊല്ലുന്ന രീതി അതീവ ആകര്ഷകമായിരുന്നു ..നല്ല ആഴമുള്ള സ്വരം..ആലപിക്കുന്നതിലെ ആത്മാർഥത ..ഇതെല്ലാം ചുള്ളിക്കാടിനെ കവി  അരങ്ങുകളിൽ പ്രിയ സാന്നിധ്യമാക്കി ...എങ്കിലും ജീവിതം കഷ്ടപ്പാട് തന്നെ..
ഈ കാലഘട്ടമാണ്..ഈ പുസ്തകത്തിലെ ഏറ്റവും നോവിക്കുന്ന ഓർമ്മകൾ
ചിദംബരം ക്ഷേത്ര സമുച്ചയത്തിൽ അനാഥനെ പ്പോലെ ജീവിയ്ക്കുന്ന കവി ഒരു നോവിയ്ക്കുന്ന ഓർമ്മയാണ്
മക്കൾ ഉപേക്ഷിച്ച അച്ഛനും അമ്മയും ..ഒരാൾ വേറൊരാൾക്ക് താങ്ങും തണലും ആവുന്ന കാഴ്ചയും ..മറ്റനേകം ഹൃദയ സ്പൃക്കായ കാഴ്ചകളും ഈ പുസ്തകത്തെ ചേതോഹരമാക്കുന്നു
ആസിഡ്ഡ് പോലെ സത്യശാന്തവും നീറ്റലുണ്ടാക്കുന്നതുമായ  തുറന്നെഴുത്ത് പലപ്പോഴും ദേഷ്യം പിടിപ്പിക്കുന്നതുമാണ്
പ്രിയ ഗുരു കുരീപ്പുഴ ശ്രീകുമാറിനെ കുറിച്ച ഒരു വിവരണം ഉണ്ടിതിൽ.ബസ് സ്റ്റോപ്പിൽ ഒരാൾക്ക് വേണ്ടി കവിത ആലപിക്കുന്ന കവിയെക്കുറിച്ച ചുള്ളിക്കാട് എഴുതിയിരിക്കുന്നു .വായിച്ചപ്പോൾ കുരീപ്പുഴയോടുള്ള സ്നേഹം ഒന്ന് കൂടി വർധിച്ചു
എന്നാൽ ശിവാജി ഗണേശന്റെ അഭിനയം കണ്ടു പേടിച്ചു മൂത്രം പോയി എന്ന് പഴയ ഒരു നക്സൽ എഴുതിയത് വായിച്ചു വിശ്വാസം വന്നില്ല.
ചുള്ളിക്കാട് എഴുതിയത് കൊണ്ടും അരവിന്ദൻ സിനിമ എടുത്തത് കൊണ്ടും ചിദംബരം ക്ഷേത്രം വല്ലാതെ ഇഷ്ട്ടമായിരുന്നു.അത് കൊണ്ട് രണ്ടു പ്രാവശ്യം പോയിട്ടുണ്ട്.ഇനിയും പോവുകയും ചെയ്യും.അത്ര മനോഹരമാണ് ആ അമ്പലം
ഓണത്തിന്റെ അന്ന് ആഹാരത്തിനായി യാചിക്കുന്ന ചുള്ളിക്കാട് ഒരു വല്ലാത്ത നോവാണ് മനസ്സിൽ ബാക്കി വയ്ക്കുന്നത്
ഒന്ന് പറയാം..കാശ് കൊടുത്ത് പുസ്തകം വാങ്ങിയിട്ട് നഷ്ട്ടമായി എന്ന് തോന്നാത്ത നല്ല പുസ്തകങ്ങളിൽ ഒന്നാണ് ഇത് 

Saturday, January 7, 2017

2016

2016 ലെ വായന
 എന്തെല്ലാം എന്നാലോചിച്ചപ്പ്പോൾ നടുക്കുന്ന ഒരു കാര്യം മനസിലായി
മോശം... വളരെ മോശം
റിട്ടയർ ചെയ്‌താൽ ധാരാളം വായിക്കണം എന്നായിരുന്നു സ്വപ്നം കണ്ടിരുന്നത്
കടന്നു പോയ ചില നല്ല പുസ്തകങ്ങൾ നിങ്ങളോടു പങ്കു വയ്ക്കാം
വെറോണിക്ക റോത് എഴുതിയ ഒരു ട്രയോളജി
അലര്ജന്റ്
ഡൈവേർജെന്റ്
ഇൻ സെർജെന്റ്
സയൻസ് ഫിക്ഷൻ എന്ന് പറയാവുന്ന ഈ പുസ്തകങ്ങൾ ഭാവനയുടെ പുതിയ ലോകത്തു നമ്മെ എത്തിക്കുന്നു മനുഷ്യന്റെ ആദിമ ചോദനകളെ തന്നെ മാറ്റി മറിക്കാൻ ശ്രമിക്കുന്ന ഈ നോവലിൽ സങ്കടം തോന്നിയത് ധീരയും സൗമ്യയും നല്ലവളും ആയ നായിക മരിക്കുകയാണ് എന്നുള്ളതാണ്
എന്നാൽ അത് വരേയ്ക്കും നമ്മളെ ഉദ്വേഗത്തിന്റെ മുല മുനയിൽ നിർത്തുന്നതാണ് ഈ പുസ്തക ത്രയങ്ങൾ
അധിനിവേശ പ്രദേശങ്ങളെ അല്ല..അവിടുള്ള മനുഷ്യരെ തന്നെ നിയന്ത്രിക്കാൻ കഴിയും വണ്ണം വാക്സിനുകൾ വികസിപ്പിക്കുന്ന ഒരു കൂട്ടർ

ആ വാക്സിനുകൾ ജന്മനാ അതി ജീവിക്കാൻ കഴിവുള്ള ചിലർ ..അവരെ തിരഞ്ഞു പിടിച്ചു നശിപ്പിച്ചു കൊല്ലാൻ ശ്രമിക്കുന്നവർ ..ഈത്തരം നോവലുകൾ അധികം വായിക്കാത്തതു കൊണ്ടാവും വളരെ കൗതുകത്തോടെ വായിച്ചു തീർത്ത് ഇത് മൂന്നും..സിനിമ ആയിട്ടുണ്ട് എന്ന് മോൻ പറയുന്നത് കേട്ടു ..കാണാൻ ശ്രമിച്ചു നോക്കി ..നടന്നില്ല

50 ഷേഡ്‌സ് ഓഫ് ഗ്രേ ..ഈ എൽ ജെയിംസ് രചിച്ച ഈ പുസ്തകം .സീരീസിൽ നാല് പുസ്തകങ്ങൾ ആണ് ഇറങ്ങിയിട്ടുള്ളത് ..പോൺ എന്ന ഗണത്തിൽ പെടുത്താവുന്ന ഈ നോവൽ ആഖ്യാന കൗതുകം കൊണ്ടും നമുക്ക് തീരെ പരിചിതമല്ലാത്ത ലൈംഗീക വർണ്ണന കൊണ്ടും വളരെ പുതുമയായി തോന്നി..ഡോമിനന്റെ ആയ സാഡിസ്റ്റിക്  ആയ പുരുഷൻ..അയാളെ വല്ലാതെ സ്നേഹിച്ചു പോയ സ്ത്രീ..വേദനിപ്പിക്കുന്നതിൽ സന്തോഷം കാണുന്ന അവനു വേണ്ടി അവൾ അനന്തമായ വേദനകളുടെ ലോകത്തേക്കും കടന്നു ചെല്ലുന്ന..ഇതിൽ ആദ്യത്തെ പുസ്തകം സിനിമ ആയിട്ടുണ്ട്..നോവലിനോളം നന്നായില്ല..രണ്ടാമത്തെ പുസ്തകം സിനിമ ആയി ട്രയ്ലർ ഇറങ്ങിയിട്ടുണ്ട്

ജെഫ്‌റി ആർച്ചർ ബ്രിടീഷ് എഴുത്തുകാരൻ ആണ്
സീരീസിൽ പുസ്തകം ഇറക്കുന്നതിന്റെ ആശാൻ എന്ന് പറയാം
പുള്ളിയുടെ ഒരു പുസ്തകം മരുമകൻ വിവേകിന്റെ ലൈബ്രറിയിൽ നിന്നാണ് ലഭിച്ചത് .മനസ് ഇളകിപ്പോയി ..പിന്നെ പുള്ളി എഴുതിയതെല്ലാം തന്നെ തപ്പി പിടിച്ചു വായിച്ചു
കെയ്ൻ ആൻഡ് ആബേൽ ...
പ്രൊഡികൽ     ഡോട്ടർ ...
ടു കിൽ എ മോക്കിങ് ബേർഡ്
ഗോൺ വിത്ത് ദ വിൻഡ്
ഇതിൽ നാലാമത്തെ  പുസ്തകം വായിച്ചിട്ടു ആദ്യത്തെ മൂന്നു  പുസ്തകം തപ്പി എടുത്തു വായിക്കുകയാണ് ഉണ്ടായത്
ബിസിനസ്‌കാരിയായ ഭാര്യയും..രാഷ്ട്രീയം വിട്ടു എഴുത്തിനിറങ്ങിയ ഭർത്താവും ..അവരുടെ മക്കളും..ബ്രിട്ടീഷ് രാഷ്ട്രീയവും..അതിലെ കള്ളക്ക ളികളും..തൊഴുത്തിൽ കുത്തും ..ഒന്നും രണ്ടും ലോക മഹാ യുദ്ധങ്ങളും..ആദ്യമായി കപ്പൽ മാറി ലോകം വിമാനത്തിലേക്ക് തിരയുമ്പോൾ..തകർന്നു പോകുന്ന കപ്പൽ വ്യവസായത്തിന്റെ പ്രതിസന്ധികളും..
അത്തരത്തിൽ 12 നോവലുകളോളം ഇറങ്ങിയിട്ടുണ്ട് ..കിട്ടാവുന്ന മുഴുവൻ തപ്പി എടുത്തു വായിച്ചു
മനോഹരമായ ശൈലിയാണ് നോവലിസ്റ്റിന്റെതു
അദ്ദേഹത്തിന്റെ മറ്റൊരു നോവൽ ഫസ്റ്റ് അമോങ് ഇക്വൽസ്  രാഷ്ട്രീയ താല്പര്യം ഉള്ളവർക്ക് വളരെ ഇഷ്ടപ്പെടും
നാല് പ്രമുഖ നേതാക്കൾ ..നാലുപേരും പ്രധാന മന്ത്രി ആവാൻ തക്ക ഗുണങ്ങൾ എല്ലാം തികഞ്ഞവർ ..അവരുടെ ചരട് വലികൾ..ആ നേതാക്കളുടെ വളർച്ച..വിജയങ്ങൾ പരാജയങ്ങൾ ..രാഷ്ട്രീയ ത്രില്ലർ എന്ന് തന്നെ പറയാം  ആ നോവലിനെ
അദ്ദേഹത്തിന്റെ ആദ്യ നോവൽ..ആ പെന്നി മോർ..എ പെന്നി ലെസ്സ്
ചതിയും വഞ്ചനയും നിറഞ്ഞ ഷെയർ വ്യാപാരത്തിന്റെ കള്ളാ കളികൾ..ആണ് പറയുന്നത് ..പകരം വീട്ടുന്നതിന്റെ മധുരവും ഇതിലുണ്ട്സ്റ്റീഗ് ലാർസൺ എഴുതിയ നോവൽ ത്രയം
ഗേൾ വിത്ത് ഗോൾഡൻ ടാറ്റൂ
ഗേൾ ഹൂ പ്ലെഡ് വിത്ത് ഫയർ
ഗേൾ ഹൂ കിക്ക്ഡ് ദ ഹോർനെറ് നെസ്റ്റ്
വീണ്ടും വീണ്ടും വായിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ആക്ഷൻ ത്രില്ലർ ആണ് ഈ നോവൽ ത്രയം..ലിസ്ബത് സിലാൻഡർ  എന്ന വളരെ ചെറിയ ശരീരമുള്ള ഒരു നായികയാണ് ഇതിലെ കേന്ദ്ര കഥാപാത്രം..തീരെ  ചെറിയ മുലകളും..ലെസ്ബിയൻ രീതികളും..പുറം ലോകവുമായി തീരെ സഹവസിക്കാത്ത ഗ്ലൂമിയായ സ്വഭാവവും ..പുരികം തുളച്ചു ഇട്ടിരിക്കുന്ന സ്വർണ വളയവും ..ശരീരത്തിലും കഴുത്തിലും എല്ലാം ചെയ്തിരിക്കുന്ന ഡ്രാഗൺ ടാറ്റുവും എല്ലാമായി സാധാരണ
ഗതിയിൽ നമ്മൾ കാണാത്ത ഒരു നായിക
ഒരു പ്രൈവറ്റ് കുറ്റാന്വേഷണ സ്ഥാപനത്തിൽ ജോലി നോക്കുന്ന അവൾ കേസിൽ പെട്ട ഒരു പത്രപ്രവർത്തകന്റെ കേസ് ഒന്ന് നോക്കുകയാണ്
blomvisky മില്ലേനിയം എന്ന ഒരു പത്ര സ്ഥാപനത്തിന്റെ പാർട്ണർ ആണ് ..അയാളെ അഹായിക്കുന്നതിലൂടെ രണ്ടു പേരും അടുക്കുന്നു
ഇതിന്റെ സിനിമ ഇറങ്ങിയിട്ടുണ്ട്..ഭയങ്കര ക്രൈം വയലൻസ് ഒക്കെയാണ് എന്ന് പറഞ്ഞു.കാണാൻ കഴിഞ്ഞില്ല..ആവർത്തിച്ചുള്ള ലൈംഗീക അതിക്രമങ്ങൾക്ക് വിധേയയായ ഒരു സ്ത്രീയാണ് ഇതിലെ നായിക..സ്ത്രീയെ ഉപദ്രവിക്കുന്ന ഒരു പുരുഷനെയും അവൾ വെറുതെ വിടുന്നില്ല
ഹാക്കർമാരുടെ ഒരു സംഘം ഉണ്ടിതിൽ ..പരസ്പരം സംസാരം തീരെ ഇല്ലാത്ത ഈ കൂട്ടരുടെ രീതികൾ നമ്മളെ അതിശയപ്പെടുത്തും
സ്വീഡിഷ് ഭാഷയിൽ എഴുതിയ ഈ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് വായിച്ചത്
ഈ നോവലിസ്റ്റ് പുസ്തകം പ്രസാധനത്തിനയച്ചതിനു ശേഷം കൊല്ലപ്പെടുകയാണ് ഉണ്ടായത്
സ്വീഡിഷ് രാഷ്ട്രീയത്തിലെ ചില അതികായരുടെ രഹസ്യങ്ങൾ വെളിപ്പെടുത്താതെ ഇരിക്കാനാണോ ..അദ്ദേഹം മരിക്കേണ്ടി വന്നത് എന്നറിയില്ല ...ഈ നായികയെ എനിക്ക് വായിച്ചു മതിയായില്ല

പൗലോ കൊയ്‌ലോയുടെ സ്പൈ ആണ് വായിച്ചാ മറ്റൊരു പുസ്തകം..ഒന്നാം ലോക മഹായുദ്ധകാലത്തെ ഒരു ചാര വൃത്തി നടത്തുന്ന അതി സുന്ദരിയായ ഒരു സ്ത്രീയുടെ കഥയാണ് ഇത്..മാതാ ഹരി ..നടന്ന സംഭവമാണ് ഈ നോവലിസ്റ്റിന്റെ  മറ്റു പുസ്തകങ്ങൾ പോലെ മാജിക്കൽ അല്ല ഇത്

കഴിഞ്ഞ വര്ഷം വായിച്ചതിൽ ഏറ്റവും ശ്രദ്ധേയമായ പുസ്തകം
'ദി സെൽ ഔട്ട് "ആണ്
പോൾ ബേട്ടി എഴുതിയ ഈ നോവൽ ഇന്നത്തെ അമേരിക്കൻ ക്രുമ്പന്റെ ധര്മ സങ്കടമാണ്..അവൻ അനുഭവിക്കുന്ന അതിരില്ലാത്ത വംശീയ അധിക്ഷേപങ്ങളുടെ കഥയാണ്.കറുത്തവനായത് കൊണ്ട് മാത്രം ഒരു അമേരിക്കൻ പൗരൻ  നേരിടേണ്ടി വരുന്ന അപമാനങ്ങൾ
എണ്ണമറ്റവയാണ് ..സമൂഹത്തിൽ പാഴായ കുറെ കറുത്ത ജനങ്ങൾ ഉണ്ട്
എന്നാൽ അതെ പോലെ പാഴായ വെളുത്ത ജന്മങ്ങളും ഉണ്ട്
അടിമകളുടെ  കുലത്തിൽ നിന്നും വന്ന ഇവരുടെ ഓരോ കുറ്റങ്ങളും പർവതീകരിക്കപ്പെടുന്നു
ഇക്കുറി മാൻ ബുക്കർ പ്രൈസ് നേടിയ ഈ നോവൽ വായിച്ചിരിക്കേണ്ടുന്ന നോവലുകളിൽ ഒന്നാണ്
വിശദമായി എഴുതണം ഈ നോവലിനെ കുറിച്ച് എന്നുണ്ട്

ധാരാളം മലയാളം പുസ്തകങ്ങളും ഈ സമയത്തു വായിച്ചു
ബെന്യാമിന്റെ പ്രവാചകന്മാരുടെ രണ്ടാം പുസ്തകം ..ഇരട്ട മുഖമുള്ള നഗരം ..മീരയുടെ ആരാച്ചാർ ..ഡോക്ടർ തോമസ് ഐസക്കിന്റെ ഫേസ് ബുക്ക് ഡയറി ..മാറുന്ന മനസുകൾ ..മാലിന്യമലകുന്ന തെരുവകൾ
വിനോദ് വെള്ളായണിയുടെ പച്ചകം ..ഇതെല്ലാമാണ് ഓർമ്മയിൽ തങ്ങി നിൽക്കുന്നവ
ഇനി കുറച്ചു വായിക്കണം
വായനയുടെ കടം തീർക്കണം
കഴിഞ്ഞ വർഷം  കൊറിയൻ സിനിമയിലായിരുന്നു നല്ല പങ്കു സമയവും
ധാരാളം കൊറിയൻ ..ഇംഗ്ലീഷ്  സിനിമകൾ കണ്ടു
ഒത്തിരി സഞ്ചരിച്ചു ..ഒത്തിരി എഴുതി ..കുറച്ചു കുറച്ചു മാത്രം വായിച്ചു
ഈ വര്ഷം കുറേക്കൂടി നല്ല പുസ്തകങ്ങൾ വായിക്കണം
കുറേക്കൂടി സ്ഥലങ്ങൾ കാണണം
കുറേക്കൂടി നന്നായി എഴുതണം
ശുഭ ദിനം